തള്ളേ,ബ്ലോഗ് മീറ്റ് കസറീട്ടാ !!
>> April 18, 2011
വെളുപ്പിനെ 4.30 മാനന്തവാടി സൂപ്പര്‍ഫാസ്സ്റ്റിനു വിജനമായ കുറ്റിപ്പുറത്തിന്റെ തെരുവില്‍ ഇറങ്ങിയപ്പോളും ഇത്രയധികം പ്രതീക്ഷിച്ചില്ല,തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ചെറുതായി മയങ്ങിയപ്പോളും സ്വപ്‌നങ്ങള്‍ പോലും ഇതിലും വലിയതായൊന്നും കാണിച്ചില്ല, തമ്മില്‍ ഇതുവരെ ഒരിക്കല്‍ പോലും കാണാത്ത ഒരു കുടുംബത്തിലെ അംഗങ്ങള്‍ തുഞ്ചന്റെ മണ്ണില്‍ ഒത്തു ചേര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ക്കോ,മുന്‍വിധികള്‍ക്കോ യാതൊരു പ്രസക്തിയുമില്ലായിരുന്നു,പ്രതീക്ഷിച്ചതിലും നൂറിരട്ടി എന്ന് വിശേഷിപ്പിക്കാന്‍ ഞാനിഷ്ടപെടുന്നു.അതുകൊണ്ടു തന്നെ ആയിരത്തിലൊരു ശതമാനം മാത്രമായ എന്റെ പ്രതീക്ഷകള്‍ ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നില്ല.
തിരൂരിലെത്തിയത് വെളുപ്പിനെ,തലേന്ന് തന്നെ തുഞ്ചന്‍പറമ്പിന്റെ ഡോര്‍മെട്രിയില്‍ സ്ഥാനം പിടിച്ച ടീമില്‍ നിന്നും ഗ്രീന്‍ സിഗ്നല്‍ ലഭിച്ച ശേഷം തുഞ്ചന്റെ ഗേറ്റ് കടന്നു ഞാനീ ടീമുമായി ചേര്‍ന്നു,തലേന്ന് ഫോണില്‍ വിളിച്ചപ്പോള്‍ എന്റെ മനസിലുണ്ടായിരുന്ന കൊട്ടോട്ടിക്കാരനായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്(അതിലും ബോറ്!! ;) ),നേരത്തെ തന്നെ ഞാന്‍ പറഞ്ഞിരുന്നല്ലോ,പ്രതീക്ഷകള്‍ക്ക്,മുന്‍വിധികള്‍ക്ക് ബ്ലോഗ് മീറ്റുകളില്‍ സ്ഥാനമില്ല. കട്ടിലില്‍ ചുരുണ്ട് കൂടി കിടന്ന ചെറുക്കനെ വലിച്ചു താഴെയിടാന്‍ ചെന്നപ്പോള്‍ കണ്ടത് ഒരു കൂതറ ചെറുക്കനെ(ഹാഷിം) ,പക്ഷെ ഈ 'ചെറുക്കന്‍' ഞങ്ങള്‍ ഏവരുടെയും മനം കവര്‍ന്നു, അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഞാനാണ് കൂതറയെന്നു പലപ്പോഴും തോന്നിപ്പോയി . ഷെരീഫ് കൊട്ടാരക്കരയുടെ ഹൃദ്യമായ ഇടപെടീലും ,ബ്ലോഗില്‍ ഇന്നലെ ആദ്യാക്ഷരം കുറിച്ച പൊന്‍മുളക്കാരനും ഞങ്ങള്‍ക്ക് ചിരിക്കാന്‍ ഒത്തിരി വക തന്നു,നിശ്ചയതീക്ഷ്ണതയുടെ പര്യായം സാദിക്ക് ഭായി എനിക്ക് വിസ്മയമായി. തോന്ന്യാസി ചില വ്യക്തിപരമായ കാരണങ്ങളാല്‍ രാവിലെ തന്നെ തുഞ്ചന്‍ പറമ്പില്‍ നിന്നും വിട വാങ്ങി.

കൂട്ടത്തില്‍ ഏറ്റവും പാവത്താന്റെ കൂടെ തുഞ്ചന്‍ പറമ്പൊന്നു ചുറ്റി കാണാന്‍ തീരുമാനിച്ചു,പക്ഷെ ഞങ്ങള്‍ ചെന്ന്പെട്ടത് മീറ്റിലെ കാവല്‍ക്കാരന്റെ കാല്‍ ചുവട്ടിലാണ് 'പിറേറ്റ്സ് ഒരു കരീബിയ'നെ അനുസ്മരിപ്പിക്കുന്ന തുഞ്ചന്റെ പട്ടി!! 'തുഞ്ചന്റെ കിളിയെ കാണാന്‍ പോയിട്ട് തുഞ്ചന്റെ പട്ടിയെ കണ്ടു' എന്ന മട്ടിലായി ചിലരുടെ മോന്ത!!

ഇന്നത്തെ മീറ്റ് വളരെയധികം വ്യത്യസ്തമാക്കുന്നതിന്റെ അവസാനവട്ട തന്ത്രങ്ങളില്‍ തുടങ്ങി തുഞ്ചന്‍പറമ്പിനെ കമിതാക്കളുടെ 'കറുത്ത കരങ്ങളില്‍' നിന്നും രക്ഷിക്കാന്‍ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടാവേണ്ടത് ആധുനിക സമൂഹത്തിന്റെ അത്യാവശ്യങ്ങളില്‍ ഒന്നാണെന്ന് വരെ ഷെരീഫ് കൊട്ടാരക്കര ഞങ്ങളോട് പറഞ്ഞു.(ഹമ്മേ!), 'ഇതിയാന് അസൂയയാണെന്ന് ആരോ മുറുമുറുത്തപ്പോള്‍ ഷെരീഫ് ഇക്കായ്ക്ക് 'നാണ്‍ വന്നു,നാണ്‍ വന്നു' കമിതാക്കളെ ആവാഹിച്ച ഒരു മരത്തില്‍ ശരണം പ്രാപിച്ചു,കീഴടങ്ങി.

ചെറായി മീറ്റില്‍ 'അനോണികള്‍' ബാനര്‍ കെട്ടി എന്ന വിമര്‍ശനം ഇത്തവണ ഒഴിവാക്കാന്‍ 'സനോണികള്‍' തന്നെ ബാനറും ,ഉണ്ട നൂലുമായി കളത്തിലിറങ്ങി, ചിലര്‍ പറഞ്ഞു വാഴയില്‍ കെട്ടാമെന്നു,ചിലര്‍ പറഞ്ഞു അന്തരീക്ഷത്തില്‍ തൂക്കിയിടാമെന്നു,ചില പറഞ്ഞു നിലത്തിട്ടേക്കാന്‍ ഒടുവില്‍ എവിടെയോ ബാനര്‍ കെട്ടി അവര്‍ പണ്ടാരമടക്കി!!

നിലീനത്തിന്റെ സാന്നിധ്യത്തോടെ റജിസ്ട്ട്രെഷന്‍ കൌണ്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു,റെജി ചേട്ടനും മറ്റും ഒപ്പമുണ്ടായിരുന്നു,വരുന്നവരുടെ കഴുത്ത് ഞെരിക്കാന്‍ ഐ ഡി ടാഗും റെഡിയായി 'ബ്ലോഗ്ഗര്‍ കഴുത്തുകളെ' കാത്തിരുന്നു.

അവിടുന്നും ഇവിടെ നിന്നുമായി ആരൊക്കെയോ എത്തി തുടങ്ങി,കൌണ്ടറില്‍ 'മുടിഞ്ഞ ഇടി',ഭക്ഷണ കമ്മറ്റിക്കാരുടെ മുഖത്തു വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞിരുന്നു. :)

എങ്കിലും കൊട്ടോട്ടിക്കാരന്‍ ഏവരെയും അകത്തു ബിരിയാണി (Air Biriyani) ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന മട്ടില്‍ സ്വാഗതം ചെയ്തു.

ഇവനേതാ ചന്ദ്രനില്‍ നിന്നും മീറ്റ് കൂടാന്‍ വന്നതാണോ?
(ലഡ്ഡുകുട്ടനെ കണ്ടു സമീപ വാസികള്‍ വിരണ്ടു)

എക്സ്യ്കൂസ് മീ, ഇവിടെയാണോ ഈ മീറ്റ് എന്ന സംഗതി മേടിക്കാന്‍ കിട്ടുന്നത്?കിലോയിക്കെന്താ വില?
(നാമൂസ് എത്തിക്കഴിഞ്ഞു)

മീറ്റ് മുതലാളി: മീറ്റ് കൂടാന്‍ വന്നതാണോ?
കുമാരന്‍ :ഏയ്,ഞാന്‍ അത്തരക്കാരനല്ല ,ലങ്കോട്ടി മുക്കില്‍ വന്നപ്പോള്‍ ഇങ്ങോട്ട് കയറിയെന്നേയുള്ളൂ .
(കുമാരനും ടീമും)

നന്ദേട്ടന്റെ 'ദിവാസ്വപ്നം' ;ജയന്‍ ഡോക്റ്ററും,വാഴക്കോടനും സാക്ഷി !

നിങ്ങള്‍ക്കറിയുമോ ഈ മീറ്റ് മീറ്റെന്നു പറയുന്ന സാധനം എവിടെയുണ്ടായതാ ?? .... മാണി സാറിന്റെ നാട്ടില്‍ ...ശ്ശെ!! .നമ്മടെ പലായില്ലേ...!!
(സുനില്‍ കൃഷ്ണന്‍)
വല്യ കാര്യമായി പോയി എന്ന മട്ടില്‍ കേള്‍വിക്കാര്‍.

ഡോ മനുഷ്യാ!! ലാപ്പ് ഓണാക്കിയിട്ട് ടച്ച്പാഡില്‍ ഇട്ട് തൂക്കടോ,ഇങ്ങേരോക്കെ എവിടുന്നു വരുന്നോ!!
(പ്രിയങ്കരനായ ജയന്‍ ഡോക്ടര്‍)

മഹേന്ദ്ര ജാലം!!

ഇടക്കൊരു യൂത്ത് അസോസിയേഷന്‍,ജാബിര്‍ മിസ്സിംഗ്!!
(ജിക്കു, ദിലീപ്,പത്രക്കാരന്‍,കണ്ണന്‍)

(മഹേഷ വിജയന്‍ വാചാലനായപ്പോള്‍)

"ഹലോ മൈക്ക് ചെക്ക്,ഹലോ മൈക്ക് ചെക്ക് "
വേദിയില്‍ നിന്നും ഷെരീഫ് ഇക്കയുടെ ശബ്ദം.

സ്വന്തം ബ്ലോഗിന്റെ ദൃശ്യപശ്ചാത്തലത്തില്‍ ഓരോരുത്തരും പരിചയപ്പെടുത്തുന്നു,ഷെരീഫ് ഇക്ക നേതൃത്വം നല്‍കുന്നു.


അല്പം 'വലിയ' പരിചയപ്പെടുത്തല്‍!!
(സജീവേട്ടന്‍)

മീറ്റിന്റെ ഇടയ്ക്കു എങ്ങനെ മുങ്ങാം എന്നതിനെ കുറിച്ച് പുറത്തു ചര്‍ച്ച നടക്കുന്നു

മീറ്റിനു 'പുറംതിരിഞ്ഞു' നില്‍ക്കുന്നവര്‍!!!

പുറത്തു പുസ്തകവില്പന തകൃതി

വാഴക്കോടന്റെ മാപ്പിള പാട്ടും കുട്ടികളുടെ കലാപരിപാടികളും സദസിനു പുതിയ ഭാവം പകര്‍ന്നു
തുടര്‍ന്ന് സാധാരണ കാണുന്ന ബ്ലോഗ് അഗ്ഗ്രിഗേറ്റര്‍കളില്‍ നിന്നും വ്യത്യസ്തമായി 'ബ്ലോഗ് വായനശാല' എന്നൊരു പുത്തന്‍ ആശയത്തെ സദസില്‍ ഹാഷിം അവതരിപ്പിച്ചു.



ആദ്യകാലത്ത് ആധുനിക സാങ്കേതിക വിദ്യകളോട് എതിര്‍പ്പ് വെച്ച് പുലര്‍ത്തിയിരുന്നെങ്കിലും ഇത്തരം കൂട്ടായ്മകള്‍ ഈയെഴുത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായി അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
മനോരമ ന്യൂസ് @ മീറ്റ്


വിക്കിപീടിയായെ കുറിച്ചുള്ള ഹബീബിന്റെ ക്ലാസും ഇന്‍ഫോ മാധ്യമം എഡിറ്റര്‍ ശ്രീ.വി കെ അബ്ദുവിന്റെ ബ്ലോഗ് ശില്പശാലയും കൂടുതല്‍ ആളുകളെ ഈയെഴുത്തിന്റെ പാതയിലേക്ക് കൊണ്ടു വരാന്‍ ഉത്തകുന്നതായി മാറി.ബ്ലോഗിലെ സിനിമാ നിരൂപകന്‍ ഷാജി ടീ യൂവിന്റെ ചിത്ര പ്രദര്‍ശനവും നടന്നു.
ഈറ്റ്@മീറ്റ്
തുഞ്ചന്‍ പറമ്പിലെ ഊട്ടുപുരയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്രം കുറിക്കുകയായിരുന്നു സജീവേട്ടന്റെ നേതൃത്വത്തില്‍ മലയാളം ബ്ലോഗ്ഗര്‍മാര്‍!!!

ജാഗ്രതൈ...പോസ്റ്റിട്ടു നാറ്റിക്കും കേട്ടോ,മര്യാദക്ക് അച്ചാറു നക്കിയിട്ടു പോകാന്‍ നോക്ക് മക്കളെ!!
(ജയന്‍ ഡോക്ടര്‍ പോട്ടം പിടുത്തം തന്റെ ജന്മാവകാശം എന്ന മട്ടില്‍ ഊട്ടുപുരയില്‍)

പ്രിയ ലതി ചേച്ചി

ഞാനൊരു കക്ഷി രാഷ്ട്രീയക്കാരനല്ല!!
(നാമൂസ് പിടിവിടുന്നില്ല)

സജീവേട്ടന്റെ ക്രൂരകൃത്യം നാലാംഖണ്ഡം!!


വിട പറയുമ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്നും പിരിയുന്ന ഒരു പ്രതീതിയായിരുന്നു,എന്റെ കണ്ണുകള്‍ നിറഞ്ഞെങ്കിലും,നിര്‍ഭാഗ്യവശാല്‍ ഒരു ക്യാമറ കണ്ണുകള്‍ക്ക് ആ ദൃശ്യം പകര്‍ത്തിയെടുക്കാന്‍ കഴിയാതെ പോയത് ഈ മീറ്റിന്റെ വലിയ ഒരു പരാജയമായി ഞാന്‍ കാണുന്നു.:) സജീവേട്ടന്റെ ആവാഹനം ഇവിടെ ചേര്‍ത്തുകൊണ്ടു ഈ പോസ്റ്റ് നിര്‍ത്തട്ടെ,അടുത്ത മീറ്റിനും നിങ്ങളുണ്ടാവില്ലേ?

എക്സ്ക്ലൂസീവ്:
മീറ്റ് മുതലാളി തുഞ്ചന്‍ പറമ്പില്‍ ആത്മഹത്യാ ശ്രമം നടത്തി.
മീറ്റ് നടത്തി കുടുംബം വെളുത്ത കൊട്ടോട്ടിക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു,ആ ചിത്രം ചുവടെ ചേര്‍ക്കുന്നു. മീറ്റിന്റെ ബാനര്‍ കെട്ടിയ ഉണ്ടനൂലില്‍ തന്നെ ജീവനൊടുക്കുമെന്ന് സാബു കൊട്ടോട്ടി നേരത്തെ തന്നെ പത്ര സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
:)

Pictures:Jikku&Jabir
Read more...

Pictures:Jikku&Jabir


